Saturday, April 28, 2007

മറക്കാതിരിക്കുക നമ്മുടെ മണ്ണിനെ.!












നമ്മുടെ ഓര്‍മ്മകളുടെയും വിചാരങ്ങളുടെയും കോണുകളില്‍ നമുക്കു പ്രിയപ്പെട്ട ചിലതുണ്ട്‌.ഉയരെ പടര്‍ന്നു പോകുന്ന വന്‍മരത്തിനും സ്വയം ഉറപ്പിച്ചു നിര്‍ത്താന്‍ ബലമേകുന്ന കുഞ്ഞുവേരുകളും ഇത്തിരി നനവും പച്ചമണ്ണും പോലെ,നമുക്കെല്ലാം ഉള്ളിന്റെ ഉള്ളില്‍ പതിഞ്ഞുപോയ,ഹൃദയതാളങ്ങളുടെ ഭാഗമായിപ്പോയ ചിലതുണ്ട്‌.കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പശ്ചിമഘട്ടനിരകളിലെ മഞ്ഞു പുതച്ച മലമേടുകളില്‍ ഞങ്ങള്‍ ചിലര്‍ ചേക്കേറി.പാലക്കാടന്‍ അതിര്‍ത്തിഗ്രാമമായ അഗളിയിലായിരുന്നു അത്‌.അവിടെ ഞങ്ങള്‍ക്കൊരു ആദിവാസി ബാലനെ കൂട്ടുകാരനായിക്കിട്ടി,പെരുമാള്‍.കലപിലകൂട്ടി സ്കൂളിലേക്കും പീടികയിലേക്കും അയല്‍ ഊരുകളിലേക്കും കുന്നിന്‍ ചരിവുകളിലൂടെ ഊര്‍ന്നിറങ്ങിപ്പോകുന്ന വഴികളിലാണ്‌ ഞങ്ങള്‍ ചങ്ങാതികളായത്‌.മുമ്പെങ്ങോ അത്തരമൊരു വഴിയില്‍ കാലിടറിവീണ അവന്റെ വയറ്റില്‍ ഒരു മരക്കമ്പ്‌ കുത്തിക്കയറി.ഒടിക്കാവുന്നത്‌ ഒടിച്ചു കളഞ്ഞു.ബാക്കി മാസങ്ങള്‍ക്കു ശേഷം തനിയേ പോയി എന്നാണു കഥ.വേദനകളൊന്നും അവനൊരു കാര്യമായിരുന്നില്ല.പെരുമാള്‍ ഞങ്ങള്‍ക്ക്‌ നല്ല സുഹൃത്തായിരുന്നു.പിന്നെയൊരുനാള്‍ കേട്ടു അവന്‍ വയറുവേദനകൊണ്ടു പുളയുന്നുവെന്ന്‌.ഇത്തവണ അവന്റെ കുടലില്‍ കടന്നു കയറിയത്‌ കുറേ വിരകളായിരുന്നു,അവ വല്ലാതെ പെറ്റുപെരുകിക്കഴിഞ്ഞു.ഒടുവില്‍ ഞാനാണ്‌ ദൂരെ ഒറ്റപ്പാലത്തുള്ള ആശുപത്രിയില്‍ തുണ പോയത്‌. രാത്രി ആസ്പത്രിവരാന്തയില്‍ കിടന്നുറങ്ങി,അവനെ അപ്പനെയും അമ്മയെയും ഏല്‍പിച്ച്‌ ഞാന്‍ തിരിച്ചുപോന്നു.പിറ്റേന്നു വീണ്ടും ചെല്ലുമ്പോഴേക്ക്‌ അവര്‍ മെഡിക്കല്‍ കോളേജിലേക്കു പോയിക്കഴിഞ്ഞു.അവിടെയെത്തിയപ്പോഴോ,പെരുമാള്‍ എന്നെന്നേക്കുമായി തിരികെപ്പോയിക്കഴിഞ്ഞിരുന്നു,വേദനകളൊന്നുമില്ലാത്ത ലോകത്തിലേക്ക്‌. ഞാന്‍ തിരിയെ അവന്റെ ഊരിലെത്തുമ്പോഴേക്ക്‌ ചടങ്ങുകള്‍ അവസാനിപ്പിച്ച്‌ അവന്‍ മണ്ണോടു ചേര്‍ന്നിരുന്നു.വേണ്ട സമയത്ത്‌ നല്ല ചികില്‍സ അവനു കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധം തികട്ടിവന്നുകൊണ്ടിരുന്നപ്പോഴാണ്‌ ഇക്കഥ ഞാന്‍ ഗുരു നിത്യ ചൈതന്യ യതിയോടു പറഞ്ഞത്‌, ഗുരു പറഞ്ഞു " എന്റെ ഒരു സ്നേഹിതന്‍ പണക്കാരായ മക്കള്‍ നല്‍കിയ മുന്തിയ ചികില്‍സയും മരുന്നുകളും താങ്ങാനവാതെ മരിച്ചു പോയി, അതുകൊണ്ട്‌ അക്കാര്യത്തില്‍ വിഷമിക്കേണ്ട". പിന്നെയും എന്റെ മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി നിന്നു. ഗുരു എപ്പോഴും പറയാറുള്ളത്‌ ആവര്‍ത്തിച്ചു," നമുക്ക്‌ ലോകത്തിലെല്ലാവരെയും സഹായിക്കാനാവില്ല,എല്ലാ പ്രശ്നങ്ങളും വലിച്ച്‌ തലയില്‍ വയ്ക്കാനും നോക്കേണ്ട,ചിലരേക്കാണുമ്പോള്‍ നമുക്കറിയാം ചെറിയൊരു സഹായം ചെയ്തു കൊടുത്താല്‍ അവര്‍ക്കത്‌ ഉപകരിക്കുമെന്ന്‌.അതു കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രം.അതുകൊണ്ട്‌ എല്ലാമാകുമെന്നും വിചാരിക്കേണ്ട".പിന്നെയും ഗുരു പറഞ്ഞുകൊണ്ടിരുന്നു.ആ വാക്കുകളാണ്‌ അന്നെനിക്കു താങ്ങായത്‌.അതിങ്ങനെ ചുരുക്കാം.' എതു തരത്തില്‍ എത്രതന്നെ വളര്‍ന്നാലും,ലോകത്തിന്റെ ഏതൊരു ദൂരത്തെയ്ക്കു കൂടു മാറിയാലും,നമുക്കു സ്വന്തം ഒരു പരിധിയുണ്ട്‌,പരിമിതികളുണ്ട്‌,സ്വന്തം വേരുകളും മണ്ണും മനസ്സുമുണ്ട്‌.പിറന്ന നാടും ആദ്യം നുണഞ്ഞ മാതൃത്വത്തിന്റെ മധുവും,മാതൃഭാഷയുമെല്ലാം ഈ പരിധിയ്ക്കകത്ത്‌ നമ്മുടേതു മാത്രമായുണ്ട്‌.അതാണ്‌ യഥാര്‍ത്ഥത്തിലുള്ള നമ്മുടെ സ്വത്ത്‌.പിന്നെ വരുന്നതിനെല്ലാം അടിത്തറയാകുന്നതും പോഷണമാകുന്നതും ഈ വേരുകളാണെന്നു തീര്‍ച്ച.പരിമിതികള്‍ക്കകത്ത്‌ അതിനൊരു മൂല്യമുണ്ട്‌,ശക്തിയുണ്ട്‌.അതു നാം തിരിച്ചറിയണം'.അകാലത്തില്‍ പൊലിഞ്ഞു പോയ പെരുമാള്‍, ചിതറിയ പാട്ടുകളും പാടി ചുറ്റിനടന്ന മലനിരകളില്‍, അവശേഷിച്ച പച്ചത്തുരുത്തുകളില്‍ പിന്നെയും സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു.കാലം കുറേ കഴിഞ്ഞിരിക്കുന്നു.ഇപ്പോഴും പഴയ ഏതെങ്കിലും സൌഹൃദത്തിന്റെ സ്മരണകള്‍ ഉണരുമ്പോഴെല്ലാം കൊച്ചു പെരുമാളിന്റെ കലപില തെളിഞ്ഞുവരാറുണ്ട്‌.വേദനയായിട്ടല്ല,മഞ്ഞുമൂടിയ മലമടക്കുകളില്‍ പുഞ്ചിരി പൊഴിക്കുന്ന സൂര്യകാന്തിപ്പൂക്കളെപ്പോലെ, സ്നേഹവും സൌഹൃദവും നിഷ്കളങ്കതയും നിറഞ്ഞ ഒരോര്‍മ്മയായിട്ട്‌.!അതു മാത്രമല്ല, കഴിവുകളുടെ പരിമിതിയും, കടമകളുടെ പെരുമയും മാതൃത്വത്തിന്റെ വേരുകളും സ്മരിക്കപ്പെടുമ്പോഴെല്ലാം ഞാന്‍ ഈ കഥകളോര്‍ക്കും, ഒപ്പം മൃദുസ്മിതം പൊഴിക്കുന്ന സൂര്യകാന്തിപ്പൂക്കളെയും!.മറക്കാതിരിക്കുക നമ്മുടെ മണ്ണിനെ.!

No comments: