Monday, April 30, 2007

ഞങ്ങളുടെ ഗ്രാമം












ഞങ്ങളുടെ ഗ്രാമം,പത്തനംതിട്ട ജില്ലയിലെ ചെങ്ങരൂര്‍(ചെങ്ങന്നൂരല്ല). വടക്കു നിന്നു വരുന്നവര്‍ക്ക്‌ കോട്ടയത്തു നിന്നും പുതുപ്പള്ളി-കറുകച്ചാല്‍ വഴി വരാം.അല്ലെങ്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നു  കി. മീ.തെക്കു നിന്നാണെങ്കിലോ, തിരുവല്ലായില്‍ നിന്ന്‌ ഇതേ ദൂരം.(ജില്ലയിലെ ഏക തീവണ്ടി സ്റ്റേഷനാണ്‌ തിരുവല്ല.)രണ്ടു വഴികളും കുന്നന്താനത്തു സംഗമിക്കും.അവിടെ നിന്ന്‌  കി.മീ കൂടി കഴിഞ്ഞാല്‍ പാടത്തിനു നടുവിലൂടെയാകും റോഡ്‌.ഇതാണ്‌ 'ചെങ്ങരൂര്‍ചിറ'.ചിറ തുടങ്ങുന്നിടത്തും തീരുന്നിടത്തും ഓരോ ചെറു പാലങ്ങളുണ്ട്‌. ആദ്യത്തേത്‌ 'കല്ലുപാലം', രണ്ടാമത്തേത്‌ പനയമ്പാല തോടിനു മുകളില്‍.ചിറ ഒരു മുക്കവലയാണ്‌.വടക്കോട്ട്‌ ഒരു റോഡുണ്ട്‌.മുമ്പ്‌ ഇവിടം(കു)പ്രസിദ്ധമായിരുന്നത്‌ ചാരായഷാപ്പിന്റെ പേരിലായിരുന്നു.ഇപ്പോള്‍ ആശുപത്രിയും ഒട്ടേറെ കടകളുമുണ്ട്‌.ചിറയിലെ രണ്ടാം പാലം കടന്ന്‌ കയറ്റം കയറിയാല്‍ പടിഞ്ഞാറേ പള്ളിയാണ്‌.ഇവിടെയാണ്‌ പോസ്റ്റ്‌ ഓഫീസ്‌. ടെലിഫോണ്‍ എക്സ്ചേഞ്ച്‌,ഓഡിറ്റോറിയം,ബാങ്ക്‌ എല്ലാമുണ്ടിവിടെ.വായനശാലയും ഇവിടെയാണ്‌.പിള്ളേച്ചന്റെ സൈക്കിള്‍ കടയും വായനശാലയും ഇരട്ട പെറ്റ സഹോദരങ്ങളെപ്പോലെയായിരുന്നു.കാലം മാറി. സൈക്കിള്‍ കട പൂട്ടി. വായനശാല പുതിയ കെട്ടിടത്തില്‍ മരിച്ചു കിടക്കുന്നു.ഇതും ഒരു മുക്കവല,തെക്കോട്ടുള്ള വഴിയേ കടമാങ്കുളം വഴി കല്ലൂപ്പാറയ്ക്കു പോകാം.ആ വഴിക്കാണ്‌ ഞങ്ങളുടെ കുടുംബ ക്ഷേത്രം,കരക്കാരുടെ വക ശാസ്താ ക്ഷേത്രവുമുണ്ട്‌.ചെങ്ങരൂര്‍ പള്ളി പ്രസിദ്ധമാണ്‌.അതിനേക്കാള്‍ പ്രസിദ്ധമാണ്‌ പള്ളിപ്പെരുന്നാള്‍.പെരുന്നാളായിരുന്നു ഞങ്ങളുടെ 'ട്രേഡ്‌ ഫെസ്റ്റിവല്‍'.ജാതിമതഭേദം കൂടാതെ സകലരും പണം സ്വരൂപിച്ചു വച്ച്‌ പെരുന്നാളുകൂടാന്‍ എത്തുമായിരുന്നു.പിച്ചാത്തി,ചട്ടുകം,കലം,ചട്ടി... മുതല്‍ കട്ടിലു വരെ പഴമക്കാര്‍ ഇവിടെനിന്നായിരുന്നു വാങ്ങിയിരുന്നത്‌.കയറ്റം കഴിഞ്ഞു, നൂറു മീറ്ററോളം അടുത്ത്‌ കിഴക്കേ പള്ളിയുണ്ട്‌.ഇത്‌ ഒരു നാല്‍ക്കവലയാണ്‌.സഹകരണ ബാങ്ക്‌ ഇവിടെയാണ്‌.വീണ്ടുമൊരു നീളന്‍ കയറ്റം, മഠത്തിന്‍പടിയായി.കന്യാസ്ത്രീ മഠമാണ്‌, ഒപ്പം പ്രസിദ്ധമായ സ്കൂളുമുണ്ട്‌.പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളാണെങ്കിലും നേഴ്സറിയില്‍ എല്ലാവര്‍ക്കും ചേരാം.അതുകൊണ്ടു വേണമെങ്കില്‍ ഇതാണെന്റെ ആദ്യ വിദ്യാലയമെന്നു പാറയാം.കുറച്ചു ദിവസങ്ങളില്‍ ഞാനും പോയിരുന്നു അവിടെ, പിന്നെ കരഞ്ഞു..പിണങ്ങി... നിര്‍ത്തി.അല്‍പം കൂടി പോയാല്‍ വലതു വശത്ത്‌ വിശാലമായ ട്രെയിനിംഗ്‌ കോളേജ്‌ സമുച്ചയം.വളരെക്കാലമായില്ല ഇതു വന്നിട്ട്‌. മുമ്പ്‌ ഇവിടം മുഴുവന്‍ റബ്ബര്‍ തോട്ടമായിരുന്നു, 'അരമനത്തോട്ടം' എന്നു പറയും. നോട്ടക്കാരുടെ താമസത്തിനുള്ള ഭൂതത്താന്‍ വീടും വലിയകുളവും അതിനു നടുവിലുണ്ടായിരുന്നു.അടുത്ത മുക്കവല 'കടുവാക്കുഴി'യാണ്‌.പണ്ടിവിടെ കടുവ വസിച്ചിരുന്നു എന്നു കഥ..ഇനി ചെങ്ങരൂരിന്റെ കിഴക്കേ അതിര്‍ത്തിയായി.അടുത്തത്‌ മടുക്കോലി കവലയാണ്‌.അവിടെ നിന്ന്‌ നേരെ മല്ലപ്പള്ളിക്ക്‌ പോകാം. തെക്കോട്ട്‌ പുതുശ്ശേരി വഴി കല്ലൂപ്പാറയ്ക്കും കവിയൂരിനും പോകാം.ചെങ്ങരൂര്‍ ചിറ മുതല്‍ മടുക്കോലി വരെയുള്ള റോഡിന്‌ ഇരു വശവുമായി ഞങ്ങളുടെ ഗ്രാമം ശാന്തമായി ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. കിഴക്കേ കവലയില്‍ നിന്നും കടുവാക്കുഴിയിലേയ്ക്ക്‌ ഒരു റിംഗ്‌ റോഡുണ്ട്‌.ആ വഴി പോകണം ഈയുള്ളവന്റെ കൂടാരത്തിലെത്താന്‍.അതല്ലെങ്കില്‍ മഠത്തിന്‍പടിയില്‍ നിന്നും കുന്നിറങ്ങി പാടം കടന്ന്‌ ഞങ്ങളുടെ പറമ്പിലെത്താം,ഇപ്പോള്‍ ട്രെയിനിംഗ്‌ കോളേജിന്റെ ഓരം ചേര്‍ന്ന്‌ പഞ്ചായത്ത്‌ വഴിയുണ്ട്‌.ഇറങ്ങിയതിനെക്കാള്‍ നീളത്തില്‍ ഒറ്റയടിപ്പ്പ്പാതയിലൂടെ വീണ്ടും അടുത്ത കുന്നു കയറാം. ഞങ്ങള്‍ ഈ ചെറു കുന്നിന്റെ നെറുകയിലാണ്‌, അതിനാല്‍ 'തടത്തേല്‍' എന്നു ലോക്കല്‍ സ്ഥല നാമം.ഇവിടെയടുത്ത്‌ എല്‍.പി സ്കൂളുണ്ട്‌.അവിടം 'പൂതാമ്പുറം' എന്നറിയപ്പെടുന്നു. തൊട്ടടുത്ത്‌ തീപ്പെട്ടിക്കമ്പനി,ഞങ്ങളുടെ വലിയ കാരണവരുടെ വക. തമിഴരാണ്‌ നടത്തിപ്പ്‌.പണ്ട്‌ ജനതാ ഭരണ കാലത്ത്‌ ഏത്തയ്ക്കാപ്പൊടിഫാക്ടറി ഉണ്ടാക്കാന്‍ പണിത വലിയ കെട്ടിടമാണ്‌.ഭരണം പോയപ്പോള്‍ ഫാക്ടറി കടലാസു പുലിയായി. പിന്നെ കാരണവര്‍ കുറേക്കാലം അതിനകത്തു കാലികളെ വളര്‍ത്തിയതു വേറൊരു കഥ.ഇന്നു കൃഷിയൊക്കെ തീരെ കുറഞ്ഞിരിക്കുന്നും.ആകെമൊത്തം റബ്ബര്‍മയം. തെങ്ങ്‌,മാവ്‌,പ്ലാവ്‌,ആഞ്ഞിലി...എല്ലം എണ്ണത്തില്‍ കുറഞ്ഞുവരുന്നു.വീടുകളുടെ എണ്ണം കൂടുന്നുണ്ട്‌, കൊതുകുകളുടെയും..!എങ്കിലും ഇവിടെ കിളികള്‍ പാടുന്നുണ്ട്‌, എവിടെയും പച്ചപ്പുണ്ട്‌,നല്ല വായുവും വെള്ളവുമുണ്ട്‌..!ചെമ്മണ്‍ നിരത്തുകളെല്ലാം ഇന്നു ടാര്‍ ചെയ്തിരിക്കുന്നു.ചരല്‍ നിറഞ്ഞതാണ്‌ ഇവിടുത്തെ മണ്ണ്‌. നല്ല മഴ പെയ്താല്‍ മണ്ണുള്ളിടത്തെല്ലാം ഇപ്പോഴും ചരല്‍ തെളിയും.ചരല്‍ നിറഞ്ഞ ഇടവഴികളിലൂടെ വെള്ളയ്ക്കാവണ്ടിയുമോടിച്ച്‌ പാറി നടക്കാനൊരു കുട്ടിക്കാലം സമ്മാനിച്ച എന്റെ ഗ്രാമം ലോകത്ത്‌ മറ്റേതൊരു സ്വര്‍ഗ്ഗത്തേക്കാള്‍ എനിയ്ക്കു പ്രിയപ്പെട്ടതു തന്നെ.

Saturday, April 28, 2007

മറക്കാതിരിക്കുക നമ്മുടെ മണ്ണിനെ.!












നമ്മുടെ ഓര്‍മ്മകളുടെയും വിചാരങ്ങളുടെയും കോണുകളില്‍ നമുക്കു പ്രിയപ്പെട്ട ചിലതുണ്ട്‌.ഉയരെ പടര്‍ന്നു പോകുന്ന വന്‍മരത്തിനും സ്വയം ഉറപ്പിച്ചു നിര്‍ത്താന്‍ ബലമേകുന്ന കുഞ്ഞുവേരുകളും ഇത്തിരി നനവും പച്ചമണ്ണും പോലെ,നമുക്കെല്ലാം ഉള്ളിന്റെ ഉള്ളില്‍ പതിഞ്ഞുപോയ,ഹൃദയതാളങ്ങളുടെ ഭാഗമായിപ്പോയ ചിലതുണ്ട്‌.കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പശ്ചിമഘട്ടനിരകളിലെ മഞ്ഞു പുതച്ച മലമേടുകളില്‍ ഞങ്ങള്‍ ചിലര്‍ ചേക്കേറി.പാലക്കാടന്‍ അതിര്‍ത്തിഗ്രാമമായ അഗളിയിലായിരുന്നു അത്‌.അവിടെ ഞങ്ങള്‍ക്കൊരു ആദിവാസി ബാലനെ കൂട്ടുകാരനായിക്കിട്ടി,പെരുമാള്‍.കലപിലകൂട്ടി സ്കൂളിലേക്കും പീടികയിലേക്കും അയല്‍ ഊരുകളിലേക്കും കുന്നിന്‍ ചരിവുകളിലൂടെ ഊര്‍ന്നിറങ്ങിപ്പോകുന്ന വഴികളിലാണ്‌ ഞങ്ങള്‍ ചങ്ങാതികളായത്‌.മുമ്പെങ്ങോ അത്തരമൊരു വഴിയില്‍ കാലിടറിവീണ അവന്റെ വയറ്റില്‍ ഒരു മരക്കമ്പ്‌ കുത്തിക്കയറി.ഒടിക്കാവുന്നത്‌ ഒടിച്ചു കളഞ്ഞു.ബാക്കി മാസങ്ങള്‍ക്കു ശേഷം തനിയേ പോയി എന്നാണു കഥ.വേദനകളൊന്നും അവനൊരു കാര്യമായിരുന്നില്ല.പെരുമാള്‍ ഞങ്ങള്‍ക്ക്‌ നല്ല സുഹൃത്തായിരുന്നു.പിന്നെയൊരുനാള്‍ കേട്ടു അവന്‍ വയറുവേദനകൊണ്ടു പുളയുന്നുവെന്ന്‌.ഇത്തവണ അവന്റെ കുടലില്‍ കടന്നു കയറിയത്‌ കുറേ വിരകളായിരുന്നു,അവ വല്ലാതെ പെറ്റുപെരുകിക്കഴിഞ്ഞു.ഒടുവില്‍ ഞാനാണ്‌ ദൂരെ ഒറ്റപ്പാലത്തുള്ള ആശുപത്രിയില്‍ തുണ പോയത്‌. രാത്രി ആസ്പത്രിവരാന്തയില്‍ കിടന്നുറങ്ങി,അവനെ അപ്പനെയും അമ്മയെയും ഏല്‍പിച്ച്‌ ഞാന്‍ തിരിച്ചുപോന്നു.പിറ്റേന്നു വീണ്ടും ചെല്ലുമ്പോഴേക്ക്‌ അവര്‍ മെഡിക്കല്‍ കോളേജിലേക്കു പോയിക്കഴിഞ്ഞു.അവിടെയെത്തിയപ്പോഴോ,പെരുമാള്‍ എന്നെന്നേക്കുമായി തിരികെപ്പോയിക്കഴിഞ്ഞിരുന്നു,വേദനകളൊന്നുമില്ലാത്ത ലോകത്തിലേക്ക്‌. ഞാന്‍ തിരിയെ അവന്റെ ഊരിലെത്തുമ്പോഴേക്ക്‌ ചടങ്ങുകള്‍ അവസാനിപ്പിച്ച്‌ അവന്‍ മണ്ണോടു ചേര്‍ന്നിരുന്നു.വേണ്ട സമയത്ത്‌ നല്ല ചികില്‍സ അവനു കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധം തികട്ടിവന്നുകൊണ്ടിരുന്നപ്പോഴാണ്‌ ഇക്കഥ ഞാന്‍ ഗുരു നിത്യ ചൈതന്യ യതിയോടു പറഞ്ഞത്‌, ഗുരു പറഞ്ഞു " എന്റെ ഒരു സ്നേഹിതന്‍ പണക്കാരായ മക്കള്‍ നല്‍കിയ മുന്തിയ ചികില്‍സയും മരുന്നുകളും താങ്ങാനവാതെ മരിച്ചു പോയി, അതുകൊണ്ട്‌ അക്കാര്യത്തില്‍ വിഷമിക്കേണ്ട". പിന്നെയും എന്റെ മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി നിന്നു. ഗുരു എപ്പോഴും പറയാറുള്ളത്‌ ആവര്‍ത്തിച്ചു," നമുക്ക്‌ ലോകത്തിലെല്ലാവരെയും സഹായിക്കാനാവില്ല,എല്ലാ പ്രശ്നങ്ങളും വലിച്ച്‌ തലയില്‍ വയ്ക്കാനും നോക്കേണ്ട,ചിലരേക്കാണുമ്പോള്‍ നമുക്കറിയാം ചെറിയൊരു സഹായം ചെയ്തു കൊടുത്താല്‍ അവര്‍ക്കത്‌ ഉപകരിക്കുമെന്ന്‌.അതു കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രം.അതുകൊണ്ട്‌ എല്ലാമാകുമെന്നും വിചാരിക്കേണ്ട".പിന്നെയും ഗുരു പറഞ്ഞുകൊണ്ടിരുന്നു.ആ വാക്കുകളാണ്‌ അന്നെനിക്കു താങ്ങായത്‌.അതിങ്ങനെ ചുരുക്കാം.' എതു തരത്തില്‍ എത്രതന്നെ വളര്‍ന്നാലും,ലോകത്തിന്റെ ഏതൊരു ദൂരത്തെയ്ക്കു കൂടു മാറിയാലും,നമുക്കു സ്വന്തം ഒരു പരിധിയുണ്ട്‌,പരിമിതികളുണ്ട്‌,സ്വന്തം വേരുകളും മണ്ണും മനസ്സുമുണ്ട്‌.പിറന്ന നാടും ആദ്യം നുണഞ്ഞ മാതൃത്വത്തിന്റെ മധുവും,മാതൃഭാഷയുമെല്ലാം ഈ പരിധിയ്ക്കകത്ത്‌ നമ്മുടേതു മാത്രമായുണ്ട്‌.അതാണ്‌ യഥാര്‍ത്ഥത്തിലുള്ള നമ്മുടെ സ്വത്ത്‌.പിന്നെ വരുന്നതിനെല്ലാം അടിത്തറയാകുന്നതും പോഷണമാകുന്നതും ഈ വേരുകളാണെന്നു തീര്‍ച്ച.പരിമിതികള്‍ക്കകത്ത്‌ അതിനൊരു മൂല്യമുണ്ട്‌,ശക്തിയുണ്ട്‌.അതു നാം തിരിച്ചറിയണം'.അകാലത്തില്‍ പൊലിഞ്ഞു പോയ പെരുമാള്‍, ചിതറിയ പാട്ടുകളും പാടി ചുറ്റിനടന്ന മലനിരകളില്‍, അവശേഷിച്ച പച്ചത്തുരുത്തുകളില്‍ പിന്നെയും സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു.കാലം കുറേ കഴിഞ്ഞിരിക്കുന്നു.ഇപ്പോഴും പഴയ ഏതെങ്കിലും സൌഹൃദത്തിന്റെ സ്മരണകള്‍ ഉണരുമ്പോഴെല്ലാം കൊച്ചു പെരുമാളിന്റെ കലപില തെളിഞ്ഞുവരാറുണ്ട്‌.വേദനയായിട്ടല്ല,മഞ്ഞുമൂടിയ മലമടക്കുകളില്‍ പുഞ്ചിരി പൊഴിക്കുന്ന സൂര്യകാന്തിപ്പൂക്കളെപ്പോലെ, സ്നേഹവും സൌഹൃദവും നിഷ്കളങ്കതയും നിറഞ്ഞ ഒരോര്‍മ്മയായിട്ട്‌.!അതു മാത്രമല്ല, കഴിവുകളുടെ പരിമിതിയും, കടമകളുടെ പെരുമയും മാതൃത്വത്തിന്റെ വേരുകളും സ്മരിക്കപ്പെടുമ്പോഴെല്ലാം ഞാന്‍ ഈ കഥകളോര്‍ക്കും, ഒപ്പം മൃദുസ്മിതം പൊഴിക്കുന്ന സൂര്യകാന്തിപ്പൂക്കളെയും!.മറക്കാതിരിക്കുക നമ്മുടെ മണ്ണിനെ.!